നാട്ടക'ത്തിലെ ലുക്മാൻ വഴികൾ - ആസ്മാൻ ഓടക്കൽ
ആസ്മാൻ ഓടയ്ക്കൽ
നാട്ടക'ത്തിലെ ലുക്മാൻ മൊറയൂർ വഴികൾ...
"പിന്നെ അന്ധകാരത്തിന്റെ കരിപുളകങ്ങളിൽ നിന്നും നീ ഇറങ്ങിവരിക. അറിയുക നിന്റെ ചെയ്തികൾക്ക് നീയേ പ്രായശ്ചിത്തം" - പറുദീസ 2012
ലുക്മാൻ മൊറയൂർ
അവർ കുട്ടികളായിരുന്നു ഗരിമയാർന്ന വാക്കിൽ ചാലിച്ച നടനവൈഭവത്തിന്റെ പ്രയോക്താക്കൾ. അക്ഷരതാളുകൾക്കപ്പുറത്തേക്ക് പാഠത്തെ ആനയിച്ച് വ്യാഖ്യാനം 'കളിച്ചവർ' നല്ലതാളത്തിന്റെ നടനവെപ്പുകാർ.. ഊർന്നിറങ്ങിയ തിരശ്ശീലക്കു പിന്നിൽമാത്രം തൃപ്തികൊള്ളുന്നതായിരുന്നില്ല ആ നിശ്വാസങ്ങൾ .അവർ മുഖങ്ങളിൽ നിന്നും മുഖങ്ങളിലേക്ക് പലായനം ചെയ്തു. പിന്നെ നിമിഷദൈർഘ്യം നീണ്ട കയ്യടികൾക്ക് വഴിമാറി ..... സ്കൂൾ കലോത്സവ വേദിയിൽ നിന്നും പിരിഞ്ഞ ഓരോ നാടകസഹൃദയനും മനസ്സിൽ ഉറപ്പിച്ചു കാണും: ഇല്ല നമ്മുടെ കുരുന്നുകൾ അത്രമാത്രം പ്രതീക്ഷയറ്റതല്ല. പ്രതിരോധത്തിന്റെ പാരമ്പര്യത്തിൽ പുതുതലമുറയിൽ നിന്നും കണ്ണികൾ വിളക്കിച്ചേർക്കപ്പെടുന്നുണ്ട്.
![]() |
നാടകത്തെ നാട്ടകമായി കാണാൻ ശീലിച്ച മലബാർ നാടക കളരിയിലെ ഇങ്ങേ തലമുറക്കാരൻ.
കൗമാരദശയിൽതന്നെ നാടകാരവങ്ങളെ സ്വാംശീകരിച്ച ഇദ്ദേഹം കേരളത്തിലെ ഉന്നത വിദ്യാഭ്യാസകേന്ദ്രമായ ഫാറൂഖ് കോളേജിലെ അധ്യയന കാലത്താണ് നാടകനിർമ്മിതിയെ സഗൗരവം ഏറ്റെടുക്കുന്നത്.
പിന്നീടങ്ങോട്ടുള്ളകാലം കേരളത്തിനകത്തും പുറത്തും നിരവധി പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, മറ്റിടങ്ങളിലുമായി നാടകവുമായി സഞ്ചരിച്ചു.( ഏറ്റവും സൂക്ഷമമായ ദർശനിയിലൂടെ സമൂഹത്തിന്റെ അവ്യാഖ്യാനതലങ്ങളിലേക്ക് കണ്ണേറ് നടത്തുവാനും അതിലൂടെ ചേർച്ചപ്പെടുത്തിയ കാര്യങ്ങൾ സാമാന്യ സഹൃദയന് മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിക്കുവാനുമാണ് ഏതൊരു കലാകാരനും പരിശ്രമിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അതിന് അനുയോജ്യമായ മാധ്യമം നാടകമാണ്. അത് സൂക്ഷമരാഷ്ട്രീയത്തിന്റെ പ്രകടന പ്രഖ്യാപനമാണ്....)
കല കേവല സൗന്ദര്യകാമനയ്ക്കോ കലയ്ക്കുവേണ്ടിയോ ഉള്ളതല്ല അത് സാമൂഹിക സങ്കൽപനങ്ങളുടെ പൊളിച്ചെഴുത്തിനും ഏറ്റുകെട്ടുകൾക്കും ഉള്ളതായിരിക്കണം എന്ന കാലത്തിന്റെ തിരിച്ചറിവ് ലുക്മാൻ മൊറയൂരിന്റെ വാക്കുകളേയും പ്രസന്നമാക്കുന്നു.. വിവിധ മേഖലകളിലെ തന്റെ അനുഭവവൈഭവങ്ങളെ അത്യന്തികമായി നാടകസപര്യയുടെ ഭാഗമായി പരിഗണിക്കാനാണ് ഇദ്ദേഹത്തിനു താൽപര്യം. അതെ, യുവാവായ കലാവര്യന്റെ മനസ്സിനും നാടകകേളിയുടെ നിറയൗവ്വനം തന്നെ.
ആസ്മാൻ ഓടയ്ക്കൽ
ആസ്മാൻ ഓടയ്ക്കൽ
09/03/2013
